മടിച്ചു നിൽക്കാതെ മുന്നോട്ടു വരണം. എന്തു കാര്യത്തിലും മുന്നോട്ടു പോകണമെങ്കിൽ ഉത്സാഹം ആവശ്യമാണ്.
ഇന്ന് നമ്മളിൽ പലരും നിരാശയിൽ കഴിയുന്നതിന്റെ പ്രധാന കാരണം പല നല്ല കാര്യങ്ങൾക്കും മുന്നിട്ടിറങ്ങാൻ സാധിക്കാത്തതുകൊണ്ടാണ്.
ലോകത്തിൽ എന്തൊക്കെ നേട്ടങ്ങൾ കാണാൻ കഴിയുന്നുണ്ടോ അതിന്റെയൊക്കെ പുറകിൽ ആരുടെയെങ്കിലും ശ്രമകരമായ പ്രവർത്തികളുണ്ട്.
മടി നമ്മളെ പല കാര്യത്തിലും പിന്നിലേക്ക് ആക്കും. മടി ഉപേക്ഷിക്കാതെ മുന്നോട്ടു പോകുവാൻ കഴിയില്ല.
നമ്മൾ എന്തുകാര്യം ചെയ്താലും നമ്മുടെ ചുറ്റിലുമുള്ള ആളുകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം കേൾക്കേണ്ടി വന്നേക്കാം.
എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തികൊണ്ട് മുന്നോട്ടു പോകുവാൻ എപ്പോഴും സാധിക്കണമെന്നില്ല.
നമ്മുടെ ഉള്ളിലെ ഭയങ്ങൾ മാറ്റിയെടുത്താൽ മാത്രമാണ് പല കാര്യത്തിലും മുന്നോട്ട് വരാൻ കഴിയുകയുള്ളു.
തോൽവികൾ ഉണ്ടായേക്കാം, പ്രതിസന്ധികൾ ഉണ്ടായേക്കാം, കഷ്ടപ്പാടുകൾ ഉണ്ടായേക്കാം, നഷ്ടങ്ങൾ ഉണ്ടായേക്കാം ഇവയെല്ലാം നേരിട്ടാൽ മാത്രമാണ് പലപ്പോഴും വിജയം നേടാൻ കഴിയുകയുള്ളു.
വിജയത്തിനുപിന്നിൽ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്. എല്ലാവർക്കും സ്വന്തം നിലയിൽ വിജയം നേടാനും, അതിലുടെ സന്തോഷം കണ്ടെത്താനും, മറ്റുള്ളവർക്ക് പ്രചോദനം ആകുവാനും സാധിക്കട്ടെ.
നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ മടിച്ചു നിന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക എന്നത് ഒരിക്കലും മറക്കാതിരിക്കുക.
മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾ കേട്ട് നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മടിവിചാരിച്ചാൽ ഒരുപക്ഷെ നാളെകളിൽ നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെകുറിച്ചോർത്തു സങ്കടപ്പെടേണ്ടി വന്നേക്കാം.
നമ്മൾ മനുഷ്യരാണ് പല വിധത്തിലുള്ള കുറവുകൾ ഉള്ളവരാണ്. കുറവുകൾ പരിഹരിക്കാൻ നിരന്തരമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.
നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നോട്ട് പോകുവാൻ എല്ലാവർക്കും കഴിയട്ടെ. നല്ല കാര്യങ്ങളിൽ മടിച്ചു നിൽക്കാതെ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.