പ്രണയം എത്ര സുന്ദരമാണ്. പ്രണയിക്കാൻ കൊതിച്ച കാലം എനിക്കുമുണ്ടായിരുന്നു.ഒരുപാട് സ്വപ്നം ഞാൻ കണ്ടുകൊണ്ടിരുന്നു എന്റെ പ്രണയസഖിയെ പറ്റി. നാളെകളിൽ ഞങ്ങൾ ഇരുവരും ഒന്നായി ജീവിതം ആരംഭിക്കുന്ന സ്വപ്നം എല്ലാം കണ്ടു. പക്ഷെ എങ്കിൽ എല്ലാം ഒറ്റ ദിവസം കൊണ്ടു ഇല്ലാതെയായി. പിന്നീട് നിരവധി പ്രണയബന്ധങ്ങൾ പലരോടും ഉണ്ടായി എല്ലാം ഓരോന്നായി എന്നിൽ നിന്നും അകലാൻ തുടങ്ങി.
ഓരോ പ്രണയവും നഷ്ടപ്പെടുമ്പോഴും, അതുമൂലം ഞാൻ നിരാശയിൽ ആകുമ്പോഴും വീണ്ടും എനിക്ക് അടുത്തൊരു പ്രണയം എവിടെന്നൊക്കെയോ ലഭിക്കുന്നുണ്ടായിരുന്നു. ഞാൻ പ്രണയിച്ചവരോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല, പ്രായത്തിൽ തോന്നുന്ന ഒരു വികാരമായിട്ട് എനിക്ക് തോന്നിയതാകാം.
പ്രണയം നമ്മൾക്ക് പലതരത്തിലുള്ള ആനന്ദം നൽകിയേക്കാം. ഒരാളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമോ അത്രയും സ്നേഹം പ്രണയത്തിൽ ആയിരിക്കുമ്പോൾ പ്രകടിപ്പിച്ചെന്നിരിക്കും. പ്രണയിക്കുന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെങ്കിൽ ഒരുപക്ഷെ ഒത്തിരി നുലാമാലകൾ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം.
എനിക്ക് ഒത്തിരി ആളുകളുടെ പ്രണയഅനുഭവങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട്. എല്ലാവർക്കും എപ്പോഴെങ്കിലും പ്രണയം ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് ലഭിച്ച അറിവ്.
പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ കണ്ടേക്കാം. പ്രണയിക്കാൻ അതിനുള്ള സാഹചര്യം ലഭിച്ചാൽ മാത്രമല്ലേ സാധിക്കുകയുള്ളു.
പ്രണയം അതൊരു അനുഭവം തന്നെയാണ്. പ്രണയം നഷ്ടപ്പെടുമ്പോൾ ഒട്ടുമിക്കവർക്കും ജീവിതം ഇല്ലാതെയായി പോയെന്നുള്ള അനുഭവം ആയിരിക്കും ഒരുപക്ഷെ ഉണ്ടായികാണുക.
ജീവനുതുല്യം പ്രണയിച്ചവർ, അവരിൽ ഒരാളുടെ മരണം മൂലമുള്ള വേർപാട് മറ്റെയാളെ ശരിക്കും തളർത്തിയേക്കാം, പിന്നിടുള്ള കാലം അവർ മറ്റാരെയും തങ്ങളുടെ ജീവിതത്തിൽ കൂടെകൂട്ടാൻ കഴിയാതെ മുന്നോട്ടു പോയേക്കാം, കാരണം അവർ ആ വ്യക്തിയെ അത്രമാത്രം പ്രണയിച്ചിരുന്നു, ജീവനു തുല്യം സ്നേഹിച്ചിരുന്നു.
എനിക്ക് നിന്നെ മറക്കാൻ പറ്റുന്നില്ല, നിൻറെ തിളക്കമാർന്ന കണ്ണുകളും മനസ്സു നിറഞ്ഞുള്ള പുഞ്ചിരിയും എല്ലാം എന്റെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞു വരികയാണ്, ഒരു ആയുസ്സ് മുഴുവൻ ഓർക്കാൻ തക്ക നിമിഷങ്ങൾ നീ എനിക്കായി തന്നു.
സാഹചര്യം അനുകൂലം അല്ലെങ്കിൽ അപരിചിതരോട് സാധാരണ ആരും പുഞ്ചിരിക്കുക പതിവില്ലല്ലോ. എന്തെങ്കിലും തരത്തിൽ ഇഷ്ടം തോന്നിയാൽ മാത്രമല്ലെ മറ്റൊരാളെ കാണുമ്പോൾ ചിരിക്കാൻ കഴിയുകയുള്ളു.
ചിരി നമ്മളെ വല്ലാതെ ഒരു വ്യക്തിയിലേക്ക് ആകർഷിച്ചേക്കാം. ചിരിക്കാൻ പലർക്കും പ്രേതെകിച്ചു ഒരു കാരണവും വേണം എന്നില്ല.
ഞാൻ ട്യൂഷൻ ക്ലാസ്സിൽ പഠിച്ചപ്പോൾ അധ്യാപകന്റെ ക്ലാസ്സിൽ ഇരുന്നു പഠിപ്പിക്കുന്നതിനിടയിൽ എനിക്കും, ക്ലാസ്സിൽ ഇരിക്കുന്നവർക്കും ചിരി വന്നു, കുറച്ചു കഴിഞ്ഞിട്ടും എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല, പിന്നിടുള്ള ക്ലാസ്സുകളിലും എനിക്ക് ചിരി വന്നു, പിന്നീട് ഞാൻ ക്ലാസ്സിൽ പോകുന്നത് നിർത്തി, ഞാൻ ആയിട്ട് എന്തിനാണ് ആ അദ്ധ്യാപകനെ ബുദ്ധിമുട്ടിൽ ആക്കുന്നതെന്ന് വിചാരിച്ചു.
മനസ്സ് തുറന്നു ചിരിക്കാൻ കഴിയുക ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു ഭാഗ്യം തന്നെയാണ്. ചിരി അധികമായാൽ കരയേണ്ടി വരും എന്നു ചിലരൊക്കെ വിശ്വസിക്കുന്നുണ്ട്. ഞാൻ തമാശകൾ പറഞ്ഞു ആളുകളെ ചിരിപ്പിക്കുമ്പോൾ എന്നോട് പലരും പറയും ഇന്നത്തേക്ക് ഇത്രയും മതി ഞങ്ങൾക്ക് ആർക്കും വിട്ടിൽ പോയി കരയാൻ താല്പര്യം ഇല്ലായെന്ന്.
എല്ലാവർക്കും കാണും വ്യക്തിപരമായ ദുഃഖങ്ങൾ അതെല്ലാം മറന്നുകൊണ്ടു അവരിൽ പലരും ചിരിക്കാൻ, ചിരിപ്പിക്കാൻ ശ്രമിക്കുന്നു.
അവരവർ നേരിടുന്ന തോൽവികൾക്കുമുൻപിൽ, നഷ്ടങ്ങൾക്കുമുൻപിൽ ആരും തന്നെ ചിരിക്കാറില്ലല്ലോ. എന്നേ നോക്കി എത്രയോ പെൺകുട്ടികൾ, ആൺകുട്ടികൾ ചിരിക്കാറുണ്ട്.ആദ്യമൊക്കെ എന്നേ നോക്കി ചിരിക്കാത്തവർ വരെ പിന്നീട് എന്നേ കൂടുതൽ മനസ്സിലാക്കുമ്പോൾ ചിരിക്കാറുണ്ട്.
ഇന്നിപ്പോൾ എന്റെ ബിസിനസ് പോസ്റ്റുകൾ ആളുകൾ കാണുമ്പോൾ അവരിൽ ഒട്ടുമിക്കവാറും ആളുകൾ ചിരിയുടെ സിംബൽ ആണ് ഇടാറുള്ളത്. ഞാൻ എന്റെ എഴുത്തിൽ ഒത്തിരി നർമം കലർത്താറുണ്ട്, പക്ഷെ പുസ്തകരൂപത്തിൽ ആക്കിയപ്പോൾ ഞാൻ എന്റെ അനുഭവം എല്ലാം എടുത്തുമാറ്റി, എന്തിനാണ് എന്റെ വിഡ്ഢിത്തങ്ങൾ ലോകം മുഴുവൻ അറിയിക്കേണ്ട ആവശ്യം എനിക്കുള്ളത്.
ഹൃദയങ്ങൾ തമ്മിൽ കൂടുതൽ അടുപ്പിക്കാൻ ചിരി നമ്മളെ ഒത്തിരി സഹായിച്ചേക്കാം. വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിക്കുന്നവർ നിരവധി ആളുകളാണ് ഈ ലോകത്തുള്ളത്.
ഓരോരോ സാഹചര്യങ്ങളാണ് മനുഷ്യരെ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും. എല്ലാവർക്കും എല്ലാവരെയും ഏതുനേരത്തും ചിരിപ്പിക്കാൻ കഴിയണം എന്നില്ലല്ലോ.
മനസ്സു തുറന്നു ചിരിക്കാൻ കഴിയണം, അല്ലാതെ സ്വാർത്ഥത നിറഞ്ഞ മനസ്സോടെ ചിരിക്കുന്നത് വെറുതെയാണ്. എന്റെ പക്കൽ വരുന്നവരെ ചിരിപ്പിച്ചു വിടുക എന്നതാണ് എന്റെ പോളിസി, എന്നുകരുതി അവരുടെ പ്രശ്നത്തിന് പരിഹാരം കൊടുക്കുക എന്നത് അല്ല കേട്ടോ ഉദേശിച്ചത്.
പ്രണയം നൽകുന്ന പല നല്ല അനുഭവങ്ങളും നമ്മൾ നാളുകൾ എത്ര കഴിഞ്ഞാലും വിസ്മരിക്കാൻ ഇടയില്ലല്ലോ.
എത്രയെത്ര പ്രണയനിമിഷങ്ങളാണ് വളരെ വേഗത്തിൽ എന്റെ ജീവിതത്തിലൂടെ കടന്നുപോയത്.
പ്രണയം അതൊരു സത്യം തന്നെയാണ്. പരസ്പരം നേരിൽ കാണാതെയും പ്രണയിച്ചവർ എത്രയോ ആളുകളാണ് നമ്മൾക്ക് ചുറ്റിലുമുള്ളത്.
പ്രണയം നമ്മളിലേക്ക് പല വഴിയിലൂടെയും കടന്നുവരാം.
ഇന്നിപ്പോൾ വളരെ ചെറുപ്പം തൊട്ടേ പ്രണയം തുടങ്ങുന്നു, ഇന്നിപ്പോൾ ഓരോ സംവിധാനങ്ങളും ആശയവിനിമയത്തിന് വളരെയേറെ ഉപകാരപ്രദമാണല്ലോ.
പ്രണയത്തെപറ്റി വിശദമായി തന്നെ പഠിക്കാനുണ്ട്. പ്രേതെകിച്ചു ഒരു കാരണവും ഇല്ലാതെ പ്രണയിക്കുന്നവരും കണ്ടേക്കാം.
പ്രണയിക്കാൻ പലപ്പോഴും വെല്ലുവിളികളെ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം, പ്രണയത്തിന്റെ പേരിൽ വിടും നാടും വിട്ടു ഉപേക്ഷിക്കേണ്ടി വന്നേക്കാം.
ചിലരൊക്കെ പ്രണയം തുറന്നു പറയാൻ മനസ്സുകാണിക്കും, ഞാൻ ഇന്നും ഓർക്കുന്നു ഒരു പെൺകുട്ടി അവൾ സ്ഥിരം കാണുന്ന ഒരാളെ കണ്ടിട്ട് അയാളോട് പോയി ഇഷ്ടം തുറന്നു പറഞ്ഞ സംഭവം. അയാൾക്ക് ഇവളോട് ഇഷ്ടം ഒന്നും ഉണ്ടായില്ല എന്നു തോന്നുന്നു, പിന്നീട് അവർ ഇടയ്ക്കിടയ്ക്ക് സംസാരിക്കും. ഇപ്പോൾ അവർ ഒരുമിച്ചാണോ ജീവിക്കുന്നത് എന്നറിയില്ല. എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയിട്ടാണ് പെൺകുട്ടി ആണിനോട് ഇഷ്ടം പറയുന്നത് കാണുന്നത്.
പ്രണയം നമ്മളിൽ അതിശക്തമാകുമ്പോൾ, പ്രണയം തുറന്നു പറയാതെ ആകുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടേക്കാം. ഞാൻ ഏതാണ്ട് ഒരു വർഷകാലം മനസ്സിൽ വിങ്ങൽ കൊണ്ടുനടന്നു, ഇപ്പോഴും ഉണ്ട് എന്നാലും പഴയതിന്റെ അത്രയും ഇല്ല, ആ കുട്ടിയോട് ഒരു വാക്ക് എങ്കിൽ ഒരു വാക്ക് മിണ്ടാൻ കഴിഞ്ഞല്ലോ.
സ്ഥിരമായി യാത്രയിൽ കണ്ടു പരിചയിച്ച മുഖം, ഒരു വട്ടം തന്നോട് വന്നു സംസാരിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ പിന്നിൽ എന്തെങ്കിലും ഇഷ്ടം ആ വ്യക്തിക്ക് തന്നോട് ഉള്ളത് കൊണ്ടായിരിക്കും എന്ന് സാധാരണ ചിന്തിക്കുന്നവർക്ക് മനസ്സിലാവില്ലേ എന്നാണ് എന്റെ ചോദ്യം, അതിനിനി റോക്കറ്റ് സയൻസ് ഒന്നും പഠിക്കാൻ പോകേണ്ട കാര്യം ഇല്ലല്ലോ.
പ്രണയം ഇന്ന ആളോട് മാത്രമാണ് തോന്നാവു എന്നൊന്നും നിയമം ഇല്ലല്ലോ. യാത്രയിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടി, നമ്മൾ തമ്മിൽ ചേർച്ച ഉണ്ടെന്ന് എനിക്ക് തോന്നി, ഞാൻ നിന്നെ വല്ലാതെ പ്രണയിച്ചുപോയി. നീ എന്റെ അടുത്തേക്ക് ഓടിവന്നതും എന്നോടൊപ്പം നടന്നതും എല്ലാം ഒരു അത്ഭുതം ആയിട്ട് തോന്നുന്നു. നിന്നെക്കാൾ പൊക്കം എനിക്ക് ഉണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നോ ഇനി നിന്റെ ശ്രമം, അതോ എന്നോട് ഉള്ള ഇഷ്ടം അറിയിക്കാൻ വേണ്ടിയായിരുന്നോ.
ഞാൻ നിന്നോടൊപ്പം ബസിൽ ആയിരിക്കുമ്പോൾ വെക്കുന്ന സിനിമ പാട്ടുണ്ട്, ആ പാട്ടിൽ എനിക്ക് വല്ലാത്ത പ്രണയം ഉണ്ടാകുന്നുണ്ട്, നി ഒരുപക്ഷെ എന്റെ മൊബൈലിൽ ഞാൻ വെച്ച പാട്ടു കണ്ടിരിക്കാം, നിന്റെ മനസ്സ് ഒരുപക്ഷെ പറഞ്ഞിരിക്കാം, ഇദ്ദേഹം പ്രണയത്തെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണെന്ന്.
നിൻ അരികിലൂടെ ഞാൻ നടക്കുമ്പോൾ എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ് കിട്ടുന്നത്. പലപ്പോഴും നീ ബസിന്റെ പുറകിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നോടൊപ്പം കൂടുതൽ ഓർമ്മകൾ ലഭിക്കാൻ വേണ്ടിയായിരുന്നോ. എന്നേ സസുക്ഷ്മം വിക്ഷിക്കാൻ വേണ്ടിയായിരുന്നോ?. എന്നേ പറ്റി നീ നിന്റെ കൂട്ടുകാരിയോട് സംസാരിച്ചിരുന്നുവോ?. ഞാൻ നാളിതുവരെയായി തന്നോട് സംസാരിക്കാൻ വരാത്തത് തനിക്കു വല്ലാത്ത ഹൃദയനൊമ്പരം ആയി അനുഭവപ്പെട്ടുവോ.
എനിക്ക് നമ്മളുടെ പ്രണയത്തിന്റെ തുടക്കസമയത്തു ഇഷ്ടം തുറന്നു പറയാൻ പലവട്ടം ശ്രമിച്ചതാണ്, പക്ഷെ എന്റെ ശരിരം അനുവദിച്ചില്ല. എന്തോ ഒന്ന് എന്നേ പിന്നോട്ട് വലിച്ചു, നിന്നോടുള്ള ഇഷ്ടം ഞാൻ എന്റെ വിട്ടിൽ പറഞ്ഞു, നിന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ ശ്രമിച്ചതിനുശേഷം ഉള്ള കാര്യവും വീട്ടുകാരോട് പറഞ്ഞു.
നിന്നോട് ഞാൻ സംസാരിച്ചതിനുശേഷം ഉള്ള കാര്യം എല്ലാം ഞാൻ എന്റെ പെൺസുഹൃത്തുക്കളോട് പറഞ്ഞു, അവരെന്നെ ആശ്വസിപ്പിച്ചു. എനിക്ക് അവളെക്കാൾ മറ്റൊരു കുട്ടിയെ കിട്ടുമെന്ന് പറഞ്ഞു.
അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഞാൻ മല കയറി, മുകളിൽ എത്തുന്നതിനു മുൻപ് ഞാൻ ഒരുവളെ കണ്ടു. പിന്നെ ഇടയ്ക്കിടക്ക് കാണാൻ ഇടയായി, ഏറ്റവും മുകളിൽ എത്തിയപ്പോൾ അവൾ എന്നേ നോക്കികൊണ്ട് എന്റെ മുൻപിലുടെ നടന്നു നീങ്ങി.
പിന്നെ ഞാൻ ഒരിടത്തുപോയി വിശ്രമിച്ചു, അവളും കൂട്ടുകാരിയും അൽപ്പം മാറി ഇരുന്നു വിശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്തു വന്നു പ്രായം ആയ ചേട്ടൻ വന്നിരുന്നു, അതിനുശേഷം അവളും കൂട്ടുകാരിയും എന്റെ അടുത്തുകൂടെ വന്നു, അന്നേരം ഇദ്ദേഹം അവരോടു സംസാരിക്കുന്നു, അതിലുടെ എനിക്ക് മനസ്സിലായി ഈ കുട്ടിയുടെ പിതാവ് ആണെന്ന്, പിന്നെ അവളും കൂട്ടുകാരിയും എന്റെ ഇരിപ്പിടത്തിന്റെ കുറച്ചു നീങ്ങി തന്നെ ഇരുന്നു. അവൾ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു പോയി, ഞാൻ അതിനുശേഷം കുറച്ചു കഴിഞ്ഞുപോയി. എനിക്ക് അവളുടെ അച്ഛനോട് അവളെ ഇഷ്ടം ആയ കാര്യം പറയാൻ കഴിയുമായിരുന്നു ഞാൻ പറഞ്ഞില്ല, അങ്ങനെ മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ അവളെ വീണ്ടും കണ്ടു, അവൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. ഞാൻ പിന്നെ താഴോട്ട് ഇറങ്ങി പോന്നു. താഴെ നല്ല സദ്യ കൊടുക്കുന്നുണ്ടായിരുന്നു, ഞാൻ പോയി കഴിച്ചു, ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്റെ തൊട്ടടുത്തിരുന്ന ആൾക്ക് ഫോണിൽ സുഹൃത്തിന്റെ ഫോൺ വിളി വരുന്നു, അപ്പോൾ അദ്ദേഹം ഫോണിൽ കൂടി പറയുകയാണ്, ഞാൻ നിന്റെ നാടിന്റെ പരിസരത്ത് വന്നപ്പോൾ നിന്നെ ഒന്ന് വിളിച്ചതാണ് നേരത്തെയെന്ന്, നീ ഫ്രീ ആണെങ്കിൽ മല കയറാൻ വരു, മല കയറിയാൽ വിവാഹമൊക്കെ പെട്ടെന്ന് നടക്കുമെന്ന്. എനിക്ക് അതു പുതിയൊരു അറിവ് ആയിരുന്നു. എന്തായാലും എനിക്ക് കിട്ടിയ അവസരം ഞാൻ നഷ്ടപ്പെടുത്തി ഇനി എനിക്ക് ഇതുപോലെ ഒരു അവസരം കിട്ടില്ല.
ജീവിതം അങ്ങനെയാണ് ചില നഷ്ടങ്ങളും ലാഭങ്ങളും നമ്മുടെ ജീവിതത്തിൽ മാറി മാറി ഉണ്ടായെന്നു വരും.
എനിക്ക് പ്രണയഓർമ്മകൾ എല്ലാം വല്ലാത്തൊരു വിഷമം തന്നെയാണ് നൽകികൊണ്ടിരിക്കുന്നത്, എന്നിട്ടും ഞാൻ വെറുതെ അവയൊരൊന്നും ഓർത്തുകൊണ്ടിരിക്കുന്നു.
ഹോ ബല്ലാത്ത വിഷമം തന്നെയാണ് നിനക്ക് എന്ന് നിങ്ങളിൽ പലർക്കും എന്നോട് പറയാൻ തോന്നുന്നുണ്ടാവും.
പ്രണയം അതു അനുഭവിച്ചവർക്കേ അതിന്റെ വിഷമം മനസ്സിലാവുള്ളു, സാധാരണ വർഷങ്ങൾ പ്രണയിച്ചു പിരിയുമ്പോൾ ആയിരിക്കാം വിഷമം ഉണ്ടാവുന്നതെങ്കിൽ ഒരു വാക്ക് മാത്രം സംസാരിച്ചുള്ളൂ എന്നതിന്റെ പേരിൽ വിഷമിക്കുന്ന ലോകത്തിലെ ഒരേ ഒരാൾ ഞാൻ മാത്രം ആയിരിക്കാം ഒരുപക്ഷെ.
ഒരുപക്ഷെ എന്റെ പ്രണയം എനിക്ക് മാത്രമേ മനസ്സിലായിട്ടുണ്ടാവുള്ളു. ഇന്നിപ്പോൾ നമ്മൾക്കിടയിൽ എത്ര വർഷങ്ങളാണ് കടന്നുപോയത്, എല്ലാം ഇന്നലെ സംഭവിച്ചതുപോലെ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. എനിക്ക് ഈ എഴുത്തു ഒരുവിധത്തിൽ പൂർത്തിയാക്കിയിട്ട് വേണം ചിത്രം വര തുടങ്ങാൻ, നിന്നെ വരയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ലോകത്തിൽ ഇന്നേവരെ ജീവിച്ചിട്ടില്ലാത്ത ഏതെങ്കിലും സുന്ദരിയെ ഞാൻ വരയ്ക്കും.
പണ്ട് ഞാൻ ക്ലാസ്സിൽ പടം വരയ്ക്കുമായിരുന്നു, പഠിപ്പിക്കുന്ന ടീച്ചർ എന്നേ അതിന്റെ പേരിൽ വഴക്ക് പറഞ്ഞിട്ടൊന്നുമില്ല. പിന്നെ ഞാൻ വിട്ടിൽ മുറികളിൽ മുഴുവൻ വലിയ പേപ്പറിൽ വരച്ചു ഒട്ടിക്കാൻ തുടങ്ങി, വിട്ടിൽ വരുന്നവരുടെ പണി ഓരോ മുറിയിലും ഞാൻ വരച്ച പടങ്ങൾ കാണുക എന്നതായിരുന്നു. എന്റെ ചില ചിത്രങ്ങൾ ശരിക്കും ആസ്വദിക്കാൻ ഒത്തിരി അകലെ പോയി നിൽക്കേണ്ടതുണ്ട് എന്നാലാണ് പടത്തിന്റെ ഭംഗി കിട്ടുകയുള്ളു, അടുത്തു നിന്നു നോക്കിയാൽ എന്റെ വിവരക്കേട് ആളുകൾക്കു മനസ്സിലാകും അതുകൊണ്ടാണ് അകലെ പോയി നിന്നു നോക്കാൻ പറയുന്നത്. പിന്നെ ഞാൻ വിട്ടിൽ ഗുഹ ഉണ്ടാക്കി, കുഴിച്ചു കുഴിച്ചു ഒരു ഘട്ടം എത്തിയപ്പോൾ വീട്ടുകാർ പരിപാടി അവസാനിപ്പിക്കാൻ പറഞ്ഞു, ഇല്ലെങ്കിൽ ഞാൻ ഭിത്തിയിൽ പടം ആയിരിക്കുന്നത് കാണേണ്ടി വന്നേനെ എന്ന് തോന്നികാണും. ഞാൻ പിന്നെ കുളം ഉണ്ടാക്കി, എനിക്ക് വിശ്രമിക്കാനുള്ള പാർക്ക് ഉണ്ടാക്കി, പോരാത്തതിന് ആനയെ വരെ ഉണ്ടാക്കി, ഞാൻ ഉണ്ടാക്കിയ ആന എഴുന്നേറ്റ് നിൽക്കില്ല, കിടക്കുക മാത്രം ചെയ്യുള്ളു. എഴുന്നേറ്റു നിൽക്കുന്ന ആനയെ കണ്ടു ആരെങ്കിലും പേടിച്ചു പോയാലോ എന്നോർത്തിട്ടല്ല എനിക്ക് ആനയെ നിർത്തി ഉണ്ടാക്കാൻ അറിയാത്തതുകൊണ്ടാണ്.
ആളുകൾ കേട്ടറിഞ്ഞു വീട്ടിലേക്ക് വരാൻ തുടങ്ങി, അങ്ങനെ ഒരു ചെറുപ്പകാലം എനിക്ക് ഉണ്ടായിരുന്നു. ഓരോ പ്രായത്തിന്റെ കുരുത്തക്കേട് എന്നൊക്കെ വേണമെങ്കിൽ പറയാം.
ഇനി ഭാവിയിൽ ഒരു സിനിമ തന്നെ എന്നേ വെച്ചു എടുക്കാം എന്നുതോന്നുന്നു, ആയിരം സുന്ദരിമാരും ഞാനും ആഹാ എത്ര നടക്കാത്ത സ്വപ്നം.